കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബന്ദ്. ബി.ജെ.പി. ആഹ്വാനം ചെയ്ത ബന്ദ് ബംഗാളില്‍ ആരംഭിച്ചു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. ഇസ്‌ളാംപൂരിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരേയാണ് പോലിസ് വെടിയുതിര്‍ത്തത്. സെപ്തംബര്‍ 20നായിരുന്നു സംഭവം.

ഇസ്ലാംപൂരിലെ ദാരിബ്ഹിത്ത് ഹൈസ്‌ക്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികളാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ പോലീസ് വെടിവയ്പിലാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

രാജേഷ് സര്‍ക്കാര്‍, തപന്‍ ബര്‍മ്മന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ ഉറുദു അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജിയോഗ്രഫി, ബംഗാളി എന്നീ വിഷയങ്ങള്‍ക്കും അധ്യാപകരെ വേണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിവീശി പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *