
കൊല്ലം: വള്ളം മറിഞ്ഞ് കടലാഴത്തിൽ മറഞ്ഞ ഗൗതമിനെ കാത്തിരുന്ന് കാത്തിരുന്ന് അമ്മ രേഷ്മയുടെ പ്രതീക്ഷ അസ്തമിച്ചു. ഒടുവിൽ, അവൻ മരിച്ചെന്ന് ഉറപ്പിച്ച് അന്ത്യയാത്ര ഒരുക്കാൻ മരത്തിൽ മകന്റെ രൂപം കൊത്തിയെടുത്തു. വീട്ടുമുറ്റത്ത് അന്ത്യകർമങ്ങൾ നിർവഹിച്ചു. അതേ അപകടത്തിൽ മരിച്ച ഭർത്താവിന്റെയും അച്ഛന്റെയും കല്ലറകൾക്ക് നടുവിലാണ് തടിയിൽ കൊത്തിയെടുത്ത മകൻ ഗൗതമിന്റെ രൂപത്തിന് അന്ത്യവിശ്രമമൊരുക്കിയത്.
വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി ഗൗതമിനെ 41 ദിവസം പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രതീകാത്മകമായി അന്ത്യകർമം നിർവഹിച്ചത്. അപകടത്തിന് ശേഷം ദിവസങ്ങൾ നീണ്ട തിരച്ചിൽ വിഫലമായതോടെയാണ് ആചാരപ്രകാരം തടിയിൽ രൂപമുണ്ടാക്കി ദഹിപ്പിക്കാൻ കുടുംബം തീരുമാനിച്ചത്.
ഇടപ്പള്ളിക്കോട്ട ടൈറ്റാനിയത്തിന് അടുത്തുള്ള ക്രാഫ്റ്റ് വർക്ക്സിൽ സനിൽ എന്നയാളാണ് തടിയിൽ രൂപം കൊത്തിയെടുത്തത്. ചെറിയഴിക്കലുള്ള പുരോഹിതന്റെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് ബലികർമങ്ങൾ പൂർത്തിയാക്കി. നാളെ അസ്ഥിയെടുക്കൽ കർമ്മവും ഒക്ടോബർ രണ്ടിന് പുലകുളിയും നടക്കും.
അപകടം നടന്ന സമയത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ തിരച്ചിൽ ഉണ്ടായില്ലെന്ന് അമ്മ രേഷ്മ ആരോപിച്ചു. ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഭർത്താവിന്റെയും അച്ഛന്റെയും മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. കുടുംബത്തിന് തണലാകാൻ ഇളയ മകന് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നിരവധി മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും കുടുംബത്തിന്റെ വിഷയം പരിഗണിക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു.
