
വടകര: വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനക്ക് കുത്തേറ്റു. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പങ്കാളി വിനീഷ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഹൈകോടതിയിൽ നിന്നും കീർത്തനക്ക് ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് ആഴ്ചയിൽ രണ്ട് ദിവസം പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണം. ഇത് പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പങ്കാളിയിൽ നിന്ന് കീർത്തനക്ക് കുത്തേറ്റത്.
വനിതാ പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് കയറുന്നതിനിടെയാണ് പങ്കാളി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലുടനീളം ഏറെ ചർച്ചചെയ്ത കേസാണ് വടകര എംഡിഎംഎ കേസ്. പേരാമ്പ്ര ബി.ആർ.ഡി.സിയിലെ അധ്യാപകരായ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ അധ്യാപകർ. കേസിൽ മുഖ്യ പ്രതിയാണ് കീർത്തന. കഴിഞ്ഞ ആഴ്ചയാണ് കീർത്തനക്ക് ജാമ്യം ലഭിച്ചത്. മറ്റൊരു അധ്യാപികയായ കാവ്യക്ക് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തത് കൊണ്ട് ജയിലിൽ നിന്നും മോചിതയാകാൻ സാധിച്ചിട്ടില്ല. വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
