
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലത്ത് എത്തി. ആഭ്യന്തര മന്ത്രിക്ക് നേരെ കൊല്ലത്ത് പ്രതിഷേധം. അമിത്ഷായ്ക്ക് നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. SIR വിഷയത്തിലായിരുന്നു പ്രതിഷേധം നടന്നത്.
അമിത് ഷായുടെ വാഹന വ്യൂഹത്തിനു മുന്നിലേക്കു ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അമിത് ഷാ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി വാഹനത്തിൽ പോകുമ്പോഴായിരുന്നു സംഭവം.
പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ സുരക്ഷയാണ് അമിത് ഷായ്ക്കായി ഒരുക്കിയിരുന്നത്. ഇതൊക്കെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ ബിജെപി പ്രതിഷേധം. കൊല്ലം ഡിസിസി ഓഫിസിനു മുന്നിൽ ബിജെപി പ്രവർത്തകർ തടിച്ചു കൂടി.
കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്.
