October Financial Changes: ഒക്ടോബർ 1 മുതൽ പുതിയ സാമ്പത്തിക നിയമങ്ങൾ; അറിയേണ്ട 5 മാറ്റങ്ങൾ
October Financial Changes: ഒക്ടോബർ 1 മുതൽ പുതിയ സാമ്പത്തിക നിയമങ്ങൾ; അറിയേണ്ട 5 മാറ്റങ്ങൾ

ഒക്ടോബര്‍ മാസം മുതല്‍ സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ ഉള്‍പ്പെടെ ബാധിക്കുന്ന ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ബാങ്ക് ഇടപാടുകള്‍, എടിഎം ഉപയോഗം, യുപിഐ പണമിടപാട്, സ്ഥിരനിക്ഷേപം, എല്‍പിജി സിലിണ്ടര്‍, ദേശീയ പെന്‍ഷന്‍ സംവിധാനം തുടങ്ങിയ മേഖലകളിലാണ് പ്രധാന മാറ്റങ്ങള്‍. നിങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കാന്‍ പോകുന്ന ഓരോന്നും വിശദമായി തന്നെ അറിയാം.

എസ്ബിഐ ഉപയോക്താക്കള്‍ ശ്രദ്ധിക്കൂ

എസ്ബിഐയുടെ സാലറി പാക്കേജ് അക്കൗണ്ട് ഉടമകള്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും എഡിഡബ്ല്യുഎമ്മുകളിലും നടത്തുന്ന സൗജന്യ ഇടപാടുകളുടെ പരിധി ഒക്ടോബര്‍ 1 മുതല്‍ കുറയും. നിലവില്‍ പ്രതിമാസം 10 സൗജന്യ ഇടപാടുകള്‍ ലഭിച്ചിരുന്നിടത്ത് ഇനി അഞ്ച് ഇടപാടുകള്‍ മാത്രമായിരിക്കും സൗജന്യം. പണം പിന്‍വലിക്കുന്നതിനു പുറമെ ബാലന്‍സ് പരിശോധിക്കുന്നത് പോലുള്ള സാമ്പത്തികേതര ഇടപാടുകളും ഈ പരിധിയില്‍ ഉള്‍പ്പെടും.

എഫ്ഡികള്‍ക്ക് പുതിയ പലിശ നിരക്ക് നിയമം

വലിയ തുകയുടെ സ്ഥിരനിക്ഷേപങ്ങളായ ബള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ബാങ്കുകള്‍ പ്രഖ്യാപിക്കുന്ന രീതിയിലും മാറ്റമുണ്ടാകും. റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടപ്രകാരം, ബള്‍ക്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ബാങ്കുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം. ഓരോ ദിവസവും രാവിലെ 10 മണിക്ക് ബാധകമായ നിരക്കുകള്‍ വെളിപ്പെടുത്തുകയും വേണം.

യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍

ഒക്ടോബര്‍ 15 മുതല്‍ ചില വ്യാപാരി യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് അഥവാ എംഡിആര്‍ ബാധകമാകും. 2000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള ഇടപാടുകളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്കും വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകള്‍ക്കും നിലവിലെ സൗജന്യ സംവിധാനം തുടരും.

എന്‍പിഎസ് അക്കൗണ്ടുകള്‍ക്കും പുതിയ ചാര്‍ജുകള്‍

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവുമായി ബന്ധപ്പെട്ട് പോയിന്റ് ഓഫ് പ്രസന്‍സ് സ്ഥാപനങ്ങള്‍ ഈടാക്കുന്ന ചാര്‍ജുകളിലും മാറ്റമുണ്ട്. ഒക്ടോബര്‍ 1 മുതല്‍ പോയിന്റ് ഓഫ് പ്രസന്‍സ് വഴി പുതിയ എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ഓരോ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പറിനും 200 രൂപയുടെ ഒറ്റത്തവണ ഓണ്‍ബോര്‍ഡിങ് ഫീസ് ബാധകമാകും.

എല്‍പിജി സബ്‌സിഡിക്ക് ആധാര്‍ ബയോമെട്രിക്

സബ്‌സിഡിയോടെയുള്ള ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലഭിക്കാന്‍ ആധാര്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒക്ടോബര്‍ 1 മുതല്‍ ഈ പരിശോധനയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകും. ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ക്ക് ബാധകമായ സര്‍ക്കാര്‍ സബ്‌സിഡിയോടെ നിയന്ത്രിത വില്‍പ്പന വിലയില്‍ റീഫില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *