ഇപ്പോൾ ഞാൻ ഒറ്റയ്ക്ക്, അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്; സതീശന് മുന്നറിയിപ്പുമായി അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ തുറന്നടിച്ച് വിമർശനത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിമർശന ചേരിയിൽ ഇപ്പോൾ താൻ ഒറ്റയ്ക്കാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിലാണ് തന്റെ പ്രതികരണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

‘ആരുടെയും പിന്തുണ ചോദിച്ചുകൊണ്ടല്ല പ്രതികരണം നടത്തിയത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്. എഐസിസിയെ ഇക്കാര്യം അറിയിക്കും. എനിക്ക് പറയാനുള്ളത് അവരോട് പറയും. എന്നെ നിയോഗിച്ചത് എഐസിസിയാണ്. ഒരാൾക്കും സ്ഥാനം നൽകിയതിനോട് എതിരല്ല. എന്നാൽ ഇത്തരംകാര്യങ്ങൾ യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നോട്കൂടി ആലോചിക്കണമായിരുന്നു.

ഏതെങ്കിലും കാര്യത്തിൽ തൃപ്തിയോ അതൃപ്തിയോ ഉണ്ടെങ്കിൽ യുഡിഎഫിൽ പറയും. ഒരു സമവായ നീക്കമില്ല. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്’ രാവിലെ മാധ്യമങ്ങളോട് അടൂർ പ്രകാശ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അടൂർ പ്രകാശ് വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

പലതീരുമാനങ്ങളും മുന്നണി കൺവീനർ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇത് ദുഃഖകരമായ അവസ്ഥയാണ്. ഇത് തുറന്നുപറയുന്നത് ജനങ്ങൾ അറിയണമെന്നു കരുതിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. യു.ഡി.എഫ്. യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. ചെയർമാൻ എന്നനിലയിൽ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടത്.

അദ്ദേഹം ഇതുവരെ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൺവീനർ എന്നനിലയിൽ താനുമായി ചർച്ചകളും ആലോചനയും നടക്കുന്നില്ല. യു.ഡി.എഫിലെ കക്ഷിനേതാക്കൾക്ക് കാബിനറ്റ് പദവി നൽകിയതിൽ കൺവീനർ എന്നനിലയിൽ ഞാനുമായി ചർച്ചയോ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം കാബിനറ്റ് പദവിയിൽവന്നത് അർഹതയുള്ളവരാണെന്നും അടൂർ പ്രകാശ് പറഞ്ഞു. അധികാരത്തിലേറി നാലുമാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രിക്കെതിരെ മുന്നണി കൺവീനർ പരസ്യവിമർശനവുമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

സർക്കാരിന്റെ പ്രവർത്തനംസംബന്ധിച്ച് പാർട്ടിയിൽ വേണ്ടത്ര ചർച്ചനടക്കുന്നില്ലെന്ന വിമർശനം നീറിനിൽക്കേ, അസാധാരണ നീക്കത്തിലൂടെ അടൂർ പ്രകാശ് ആദ്യവെടിപൊട്ടിക്കുകയായിരുന്നു. മുന്നണി കൺവീനറെ മുന്നിൽനിർത്തി ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിയ സംഘടിത നീക്കമാണിതെന്ന് കരുതാനാകില്ല.

എന്നാൽ, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കാത്തിരിക്കുന്ന വിഭാഗങ്ങൾ അദ്ദേഹത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നു. തനിക്ക് പിന്തുണയുണ്ടെന്ന് അടൂർ പ്രകാശ് ഇന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇപ്പോൾ താൻ ഒറ്റയ്ക്കാണെന്ന് പറഞ്ഞ അടൂർ പ്രകാശ് കൂട്ട പ്രതികരണങ്ങൾ വരാനിരിക്കുന്നുവെന്ന സൂചന കൂടിയാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *