കാസർകോട്ട് കുഴൽകിണർ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

കാസർകോട്: ജില്ലയിലെ വെള്ളരിക്കുണ്ട് പരപ്പ വെസ്റ്റ് എളേരിയിൽ കുഴൽകിണർ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. വരക്കാട് പ്രദേശത്ത് ജയ്സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.

മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു.

വാഹനം ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രാക്ടറിന്റെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ, വാഹനത്തിലെ രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. തലക്ക് ​ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, നേരത്തെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപായ സൂചനകൾ ഉൾപ്പെടെ ഒന്നും നൽകാത്തത് സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

കുഴൽകിണർ നിർമിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് സാധാരണയായി കുഴൽകിണർ വണ്ടികൾ അല്ലെങ്കിൽ ബോർവെൽ ട്രക്കുകൾ എന്ന് പറയുന്നത്. മണ്ണും പാറയും തുരക്കാനുള്ള വലിയ ഡ്രില്ലിങ് മെഷീനും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിച്ച വലിയ ട്രക്കാണിത്. ഒരു കുഴൽകിണർ യൂനിറ്റ് സാധാരണയായി രണ്ട് വലിയ വാഹനങ്ങൾ ചേർന്നാണ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *