താനൂര്‍: താനൂരിലെ മത്സ്യതൊഴിലാളി സവാദിന്റെ കൊലപ്പെടുത്തി മുഖ്യപ്രതിയായ പ്രവാസി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു.സംഭവത്തില്‍ സൗജത്തും കൊലപാതകത്തിന് സഹായിച്ച കാമുകന്റെ സുഹൃത്തും പോലീസ് കസ്റ്റഡിയില്‍. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ സൗജത്തിന്റെ കാമുകന്‍
തെയ്യാല സ്വദേശി ബഷീര്‍ ഗള്‍ഫിലേക്ക് കടന്നതായും പോലീസ് സ്ഥിരീകരിച്ചു

താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി(38)നെയാണ് തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കറുത്ത ഷര്‍ട്ടിട്ട ആള്‍ പുറത്തേക്ക് ഓടി പോകുന്നത് കണ്ടുവെന്ന് ഇളയ മകള്‍ പോലീസിനു ആദ്യമേ മൊഴി നല്‍കിയിരുന്നു. തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയമായും വ്യക്തമാവുകയായിരുന്നു. കാമുകന്‍ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. കാമുകനോടൊത്ത് ജീവിക്കുന്നതിനാണ് താന്‍ ഈ കൃത്യം നടത്തിയതെന്ന് സൗജത്ത് മൊഴി നല്‍കിയതായി താനൂര്‍ സിഐ എംഐ ഷാജി പറഞ്ഞു.

ഗള്‍ഫില്‍ നിന്നാണ് സൗജത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊല നടത്താന്‍ കാമുകനെത്തിയത്. മംഗലാപുരത്ത് വിമാനം ഇറങ്ങിയത് ആരും അറിയാതിരിക്കാനായിരുന്നു. മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സവാദിനെ കൊന്ന ശേഷം കാറില്‍ മംഗലാപുരത്ത് എത്തി വിമാനമാര്‍ഗം കാമുകന്‍ വിദേശത്തേക്ക് പറന്നു. സുഹൃത്തിനെ വിമാനം കയറ്റിയ ശേഷം മടങ്ങുമ്ബോഴാണ് സുഹൃത്ത് പോലീസ് പിടിയിലാകുന്നത്.

സൗജത്ത് പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന്:

ദിവസങ്ങളായി ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച്‌ ബുധനാഴ്ച രാത്രി ഇളയ മകളുമായി കോര്‍ട്ടേഴ്സിന്റെ മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.

സവാദ് പൂര്‍ണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച്‌ കാമുകനും സുഹൃത്തും കാറില്‍ എത്തി. സുഹൃത്ത് പുറത്ത് നില്‍ക്കുകയും കാമുകന്‍ ആയുധവുമായി കോര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കൂടി അകത്ത് കയറി. പിന്‍വശത്തെ വാതില്‍ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകന്‍ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തില്‍ സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.

ശേഷം കാമുകനും സുഹൃത്തും രക്ഷപ്പെട്ട ശേഷം സൗജത്ത് അയല്‍വാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *