ജിദ്ദ: ഖത്തറിന് നേരെ സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിനോടാണ് പോംപ് ഇക്കാര്യം ആവശ്യപ്പെട്ടെതെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്റ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്ത ശേഷമുള്ള പോംപിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ആദില്‍ ജുബൈറുമായി സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയ പോംപ് ‘ഗള്‍ഫ് ഐക്യം’ അനിവാര്യമാണെന്നും അത് നേടിയെടുക്കുമെന്നും അറിയിച്ചു.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് ഇറാന്‍ മുതലെടുക്കുമെന്നും യെമനിലും സിറിയയിലും ഇറാന്റെ സ്വാധീനം കൂടിവരുന്നത് കൊണ്ടുമാണ് പോംപിന്റെ പ്രസ്താവന.നേരത്തെ ഖത്തര്‍ വിഷയത്തില്‍ സൗദി സര്‍ക്കാരിന് അനുകൂല നിലപാടായിരുന്നു ട്രംപിന്റേത്.

കഴിഞ്ഞ ജൂണ്‍ മുതലാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങി രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വേര്‍പെടുത്തുകയും ഉപരോധം ആരംഭിക്കുകയും ചെയ്തത്. ഖത്തറുമായുള്ള അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ നീളത്തില്‍ 200 മീറ്റര്‍ വീതിയില്‍ കിടങ്ങ് കുഴിക്കാന്‍ സൗദി നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *