സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയത് 15-18 പ്രായമുള്ള താരം, അയോഗ്യനാക്കും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ച് പരിശോധനാ ഫലം. പരാതിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്. കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസ്. സ്കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ താരത്തെ അയോഗ്യനാക്കാൻ തീരുമാനമായി. താരം 400 മീറ്റർ മത്സരത്തിൽ സ്വർണം നേടിയിരുന്നു. ഇതിൽ ഫലം തിരുത്തു വെള്ളി മെഡൽ നേടിയ താരത്തിന് സ്വർണം നൽകും.

14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം പങ്കെടുത്തത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

ഈ വർഷം ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.  പ്രായത്തട്ടിപ്പ് തെളിഞ്ഞതോടെ  ഈ ഇനങ്ങളിൽ മത്സരിപ്പിക്കില്ല.

സബ് ജൂനിയർ വിഭാഗത്തിന്റെ പ്രായപരിധി 2014-ൽ ജനിച്ചവർക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാൽ, താരം ജനിച്ചത് 2012-ലാണെന്നും രേഖകളിൽ തിരുത്തലുകൾ വരുത്തിയാണ് കായികമേളയിൽ പങ്കെടുത്തതെന്നുമായിരുന്നു പരാതി. പരാതിയെ തുടർന്ന് 400 മീറ്റർ മത്സരത്തിന്റെ ഫലം നിലവിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം പ്രഖ്യാപിക്കുകയും ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *