
തിരുവനന്തപുരം: റേഷൻ കടകളിലെ നീണ്ട വരികൾക്കും സമയപരിധികൾക്കും അറുതിവരുത്താൻ കേരളത്തിൽ ആദ്യമായി ഗ്രെയിൻ എടിഎം (അന്നപൂർത്തി) വരുന്നു. ബാങ്ക് എടിഎമ്മുകളുടെ മാതൃകയില്‍ 24 മണിക്കൂറും റേഷന്‍ ധാന്യങ്ങള്‍ ലഭ്യമാക്കുന്ന ഈ അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനം ആദ്യഘട്ടമായി തിരുവനന്തപുരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി (WFP) സഹകരിച്ച് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഗ്രെയിൻ എടിഎം (അന്നപൂർത്തി)
പുതിയ ഓട്ടോമേറ്റഡ് സംവിധാനം വഴി ഗുണഭോക്താക്കൾക്ക് നിമിഴങ്ങൾക്കകം റേഷൻ ധാന്യങ്ങൾ വാങ്ങാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ബാങ്ക് എടിഎമ്മുകള്‍ക്ക് സമാനമായി ഏതു സമയത്തും റേഷന്‍ ധാന്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്ന കാര്യം ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തന്നെയാണ് വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും വിജയിച്ചാൽ മറ്റ് ജില്ലകളിൽ വ്യാപിപ്പിക്കാനുമാണ് തീരുമാനം.
ഒഡീഷയിലും ഹരിയാനയിലും വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി വിജയകരമായി നടപ്പാക്കിയ മാതൃകയാണ് ഇത്. അതേസമയം, നിലവിലെ റേഷൻ കടയുടമകളുടെ ഉപജീവനത്തെയോ പ്രവർത്തനത്തെയോ ഇത് ദോഷകരമായി ബാധിക്കില്ലെന്നും അധികൃതർ പറയുന്നു.
ഗ്രെയിൻ എടിഎം – പ്രവർത്തനം എങ്ങനെ?
റേഷന്‍ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വിഹിതമായ അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് വെന്‍ഡിംഗ് മെഷീനാണ് ഗ്രെയിന്‍ എടിഎം. ഉപഭോക്താക്കള്‍ക്ക് ടച്ച് സ്‌ക്രീനില്‍ റേഷന്‍ കാര്‍ഡ് നമ്പറോ ആധാര്‍ നമ്പറോ രേഖപ്പെടുത്തിയ ശേഷം ബയോമെട്രിക് പരിശോധന (വിരലടയാളം അല്ലെങ്കില്‍ ഐറിസ് സ്‌കാനിംഗ്) വഴി വിവരങ്ങള്‍ ഉറപ്പുവരുത്താം.
മെഷീന്റെ ഔട്ട്ലെറ്റിന് താഴെ സഞ്ചി വച്ചുകൊടുത്താൽ കൃത്യമായി തൂക്കി അളന്ന് റേഷൻ ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം 5 മുതല്‍ 7 മിനിറ്റിനകം 50 കിലോയിലധികം ധാന്യം കൃത്യമായ തൂക്കത്തിൽ സ്വന്തമാക്കാവുന്നതാണ്.
പ്രയോജനം എങ്ങനെ?
- ജോലികഴിഞ്ഞ് വൈകിയെത്തുന്ന തൊഴിലാളികള്‍ക്കും, ദിവസവേതനക്കാര്‍ക്കും, വീട്ടമ്മമാര്‍ക്കും എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
- ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി പ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും ഇത് ഏറെ സഹായകരമാകും.
- ഡിജിറ്റൽ സെന്‍സറുകള്‍ വഴി കൃത്യമായ തൂക്കം ലഭിക്കുന്നതിനാല്‍ അളവിലെ വെട്ടിപ്പുകളും കരിഞ്ചന്തയും പൂര്‍ണ്ണമായും തടയാന്‍ സാധിക്കും.
- ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈര്‍പ്പവും കീടങ്ങളും കടക്കാത്ത സുരക്ഷിത സംഭരണ സംവിധാനവും ഇതിലുണ്ട്.
