‘വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചിട്ടില്ല; എസ്ഐടി റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. വീണാ ജോർജിന്റെ അടുത്തെത്താൻ കെഎസ്‍യു പ്രവർത്തകർക്ക് കഴിഞ്ഞില്ലെന്നും അവരെ ആക്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. മുൻമന്ത്രിയും ഗൺമാനും പ്രശ്നം പെരുപ്പിച്ച് കാണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍പ്പെട്ടതിനാലാണ് വീണാജോര്‍ജിന് കഴുത്തുവേദന ഉണ്ടായത്. മന്ത്രിക്ക് പുറത്ത് പരുക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

നേരത്തെ വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴിയും പുറത്തുവന്നിരുന്നു. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് താന്‍ മൊഴി നല്‍കിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്നാണ് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫെബ്രുവരി 25നാണ് വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ ആയുധം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. മന്ത്രിയുടെ ഗൺമാന്റെ പരാതിയിലാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. കെഎസ‌്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ രണ്ടാഴ്ച റിമാൻഡിലായി.

Leave a Reply

Your email address will not be published. Required fields are marked *