‘കോഴിക്കോട് എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല’; സുരേഷ് ഗോപി

കോഴിക്കോട്: കോഴിക്കോട് എയിംസ് വരുമെന്ന കാര്യം താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം  പ്രസ്താവന നടത്തിയത്. താൻ കോഴിക്കോട് എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇനി ഒരിക്കലും പറയുകയുമില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ‘എയിംസ് കോഴിക്കോട് വരുമെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. പറയുകയുമില്ല’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എന്തുകൊണ്ടാണ് കോഴിക്കോടിന്റെ പേര് പറയില്ലെന്ന ചോദ്യത്തിന് അത് സി.ബി.ഐ പിന്നീട് പറയും എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കഴിഞ്ഞ മാസമാണ് കേരളത്തിൽ എയിംസ് വരുമെന്നും കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനമില്ലാതെ വോട്ട് ചോദിച്ച് വരില്ലെന്നും സുരേഷ് ഗോപി അറിയിച്ചത്. ഇതോടൊപ്പം 2024ലെ തെരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട് കിനാലൂരിലെ ഭൂമിയാണ് എയിംസിനായി സംസ്ഥാന സർക്കാർ പ്രധാനമായും ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ കോഴിക്കോട് എം.പി എം.കെ. രാഘവന്റെ ഈ ആവശ്യത്തിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ടെന്ന് സുരേഷ് ഗോപി മുമ്പ് ആരോപിച്ചിരുന്നു. എയിംസ് സ്ഥാപിക്കുന്നതിനായി താൻ മറ്റൊരു സ്ഥലം നിർദേശിച്ചിട്ടുണ്ടെന്നും അത് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നുമാണ് കേന്ദ്രമന്ത്രിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *