‘മോള് ആരോടും ഇനി ഒന്നും പറയാൻ നിൽക്കണ്ട, മരണംവരെ ഒരാളും അറിയാതിരുന്നാൽ മതി’; കുറ്റകൃത്യം സ്ഥിരീകരിക്കുന്ന പ്രതിയുടെ ശബ്ദസന്ദേശങ്ങൾ പുറത്ത്

ഓച്ചിറ: കൊല്ലം ഓച്ചിറയിൽ 16 കാരിയായ പെൺകുട്ടിയെ മതപ്രഭാഷകൻ പീഡിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതിയായ മുഹമ്മദ് നിയാസിനെതിരെ ശക്തമായ തെളിവുകളും നിർണായക ശബ്ദസന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം സ്ഥിരീകരിക്കുന്ന തെളിവുകൾ ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്

പ്രതി മുഹമ്മദ് നിയാസ് പീഡനവിവരം സമ്മതിക്കുന്നതും, നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്ന് അതിജീവിതയോട് ആവശ്യപ്പെടുന്നതുമായ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു.

‘മോള് ഇനി ആരോടും ഇങ്ങനെ വെറുതെയെങ്കിലും ഒന്നും പറയാൻ നിൽക്കണ്ട, മരണം വരെ ഒരാളും അറിയാതിരുന്നാൽ മതി’എന്ന് സന്ദേശങ്ങളിൽ വ്യക്തമാക്കുന്നു. പ്രശ്നം അവിടെ തീർന്നുവെന്നും, ആര് എന്ത് ചോദിച്ചാലും മിണ്ടരുത്. തനിക്ക് ജീവിതത്തിൽ സംഭവിച്ച കാര്യമാണെന്നും മറ്റാരും തലകുത്തി മറിഞ്ഞാലും തനിക്ക് ഒരു ബേജാറുമില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

പെൺകുട്ടിയുടെ മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി കുട്ടിയെ സ്വന്തം സ്ഥാപനത്തിലേക്ക് വരുത്തിയത്. ഈ സമയത്ത് മുത്തശ്ശിയെ മയക്കിക്കിടത്തിയാണ് പീഡനം നടത്തിയത്.

പരാതിയിൽ പറയുന്ന സമയത്ത് പ്രതി താൻ നടത്തുന്ന മതസ്ഥാപനത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളും പ്രതിയുടെ ഫോൺ കോൾ ലിസ്റ്റുകളും പൊലീസ് പരിശോധിച്ചെടുത്തു. പ്രതിയുടെ ഫോൺ വിളികൾക്ക് പുറമെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രതി മുഹമ്മദ് നിയാസ് കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഓച്ചിറയിൽ മുഹമ്മദ് നിയാസ് നേതൃത്വം കൊടുത്തിരുന്ന മതപാഠശാല വാർഡ് ജാഗ്രത സമിതി, ആരോഗ്യ ഉദ്യോഗസ്ഥർ, പൊലീസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പൂട്ടി സീൽ ചെയ്തു.

ഈ സ്ഥാപനത്തിൽ 40ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ എട്ട് പെൺകുട്ടികളും ഉൾപ്പെടും. കുട്ടികൾക്കെല്ലാം ആവശ്യമായ കൗൺസിലിങ് നൽകാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *