
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സ്വർണവില ഉച്ചയ്ക്ക് ഗ്രാമിന് 265 രൂപ വർധിച്ച് 13,090 രൂപയിലെത്തി. പവൻ വില 2120 രൂപ വർധിച്ച് 1,04,720 രൂപയിലെത്തി. പവൻ വില രാവിലെ 200 രൂപ വർധിച്ചിരുന്നു. ഇതോടെ ഇന്നു മാത്രം സ്വർണവിലയിലുണ്ടായത് 2320 രൂപയുടെ വർധന. ഒരു ലക്ഷം രൂപയുടെ താഴേക്ക് പോകുമെന്ന് തോന്നിച്ചിടത്തു നിന്നാണ് പുതിയ മുന്നേറ്റം.
18 കാരറ്റ് സ്വർണം ഗ്രാമിന് 225 രൂപ വർധിച്ച് 10,720 രൂപയിലുമെത്തി. 14 കാരറ്റ് സ്വർണം 8380 രൂപയിലും 9 കാരറ്റ് 5405 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 200 രൂപയിൽ തന്നെയാണ് വ്യാപാരം
ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ അമേരിക്കയിൽ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്നതിനാൽ ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കാൻ വലിയ തിരക്കുണ്ട്. ഇതോടെ ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന യീൽഡ് കുറഞ്ഞു. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും കുത്തനെ ഇടിഞ്ഞു. 6 പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 5 മാസത്തെ താഴ്ന്ന നിലയിലാണ്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറഞ്ഞു. ഇതാണ് സ്വർണത്തിന്റെ വില കുതിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഏറെക്കുറെ വ്യക്തമായതോടെ അമേരിക്ക വീറ്റോ ഭരണത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ. സെനറ്റും ജനപ്രതിനിധി സഭയും ഡെമോക്രാറ്റുകളുടെ പൂർണ നിയന്ത്രണത്തിലേക്കു വരുന്ന സൂചനയാണു ലഭിക്കുന്നത്. ഡെമോക്രാറ്റുകളുടെ തേരോട്ടത്തിൽ റിപ്പബ്ലിക് പാർട്ടിയുടെ കോട്ടകൾ പോലും തകർന്നടിഞ്ഞ കാഴ്ചയാണുണ്ടായത്. നൂറ് സീറ്റുള്ള സെനറ്റിൽ 55 സീറ്റുകളിൽ ഡെമോക്രാറ്റുകളും 45 സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയും ലീഡ് ചെയ്യുന്നു. അതേസമയം 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 243 സീറ്റുകൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ഇതോടെ വീറ്റോ അധികാരം ഉപയോഗിച്ച് മാത്രമേ ട്രംപിനു എതിർപ്പുകൾ മറികടക്കാൻ കഴിയുകയുള്ളു
