അഭിറാം കൊലപാതകം, ടവർ ലൊക്കേഷൻ ലഭിക്കാതിരിക്കാൻ പ്രതികളുടെ നാടകം; അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം നടന്നെന്ന് പൊലീസ്

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാമിന്റെ കൊലപാതകത്തിൽ പ്രതികൾ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം നടന്നെന്ന് പൊലീസ്. കൊലപാതകം നടക്കുന്ന സമയത്ത് ടവർ ലൊക്കേഷൻ ലഭിക്കാതിരിക്കാൻ പ്രതികളുടെ നാടകം. ഉമർ മൊബൈൽ ഫോൺ വീട്ടിൽ വച്ചുപോയി. സംഭവ സമയത്ത് ഉമർ വീട്ടിലുണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടന്നു. കൊല നടത്തി തിരിച്ചുവരും വരെ ഫോണിൽ തുടർന്നു . ടവർ ലൊക്കേഷൻ തെളിവാകാതെ നോക്കാൻ ശ്രമിച്ചു.

ഉമറിന്റെ കാമുകി ഐശ്വര്യയും കൂട്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തെക്കുറിച്ച് യുവതിക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമം സൈബർ സെൽ തുടരുകയാണ്.

ചാറ്റുകൾ എങ്ങനെയാണ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്നും പരിശോധിക്കും. അഭിറാം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.അഭിറാമിന്റെ ഫോണിലെ നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തിയിരുന്നു.

ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സ്‌കൂബാ സംഘത്തെ ഉൾപ്പെടുത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്തുന്നതിനായി മേഖലയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ച് തിരച്ചിൽ ശക്തമാക്കും.

കേസിൽ ഇരട്ടക്കൊലപാതകത്തിനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടാമത്തെ ആളെ വിളിച്ചുവരുത്താത്തതിലുള്ള വൈരാഗ്യമാണ് അഭിറാമിനെ ക്രൂരമായി മർദിക്കാൻ കാരണമായതെന്നും പൊലീസ് കരുതുന്നു. സംഭവദിവസം അഭിറാം വീട്ടിൽ നിന്ന് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *