
കൊച്ചി: പാലാരിവട്ടത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണ പ്രർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. പൈലിങ് പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വാഹനങ്ങൾ വരിതിരിച്ച് വിടും. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
മാർട്ടിൻ ചർച്ചിന് സമീപം പൈലിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത്. പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിനു സമീപം പൈലിങ് പ്രവൃത്തികൾ നടത്തുന്നതിനാൽ, ശ്രീനാരായണ ജംക്ഷൻ (എസ്.എൻ. ജംക്ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിലാണ് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇടപ്പള്ളി ഭാഗത്തുനിന്ന് കലൂരിലേക്കുള്ള വാഹനങ്ങൾ എസ്‍എൻ ജംക്ഷനിൽ നിന്ന് പാലാരിവട്ടം ജംക്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞു പോകേണ്ടതാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ട്രയൽ റൺ നടത്തിയിരുന്നു. കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഗതാഗത ക്രമീകരണങ്ങൾക്ക് രൂപം നൽകിയത്.
