17-കാരൻ മരിച്ച സംഭവം; വിവരങ്ങൾ പുറത്ത്, ഡോക്ടർക്കും ആശുപത്രികൾക്കും രജിസ്ട്രേഷൻ ഇല്ല, അനാസ്ഥ തുറന്നുകാട്ടി മനുഷ്യാവകാശ കമീഷൻ

കണ്ണൂർ: കണ്ണൂരിൽ തൊണ്ടയിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷന്റെ അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചികിത്സയിലെ ​ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷൻ ഇല്ലെന്നുമാണ് കമീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പിഴവില്ലെന്ന റിപ്പോർട്ട് നൽകി അവസാനിപ്പിച്ച കേസിൽ ഡി.എ.ഒയോ പൊലീസോ ഡോക്ടർക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നോയെന്ന് പോലും അന്വേഷിച്ചില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തുടരന്വേഷണം നടത്താനും കമീഷൻ ഉത്തരവിട്ടിട്ടുണ്ട്.

2024 ജൂലായിലാണ് തൊണ്ടയിൽ ശസ്ത്രക്രിയക്ക് വിധേയനായതിന് പിന്നാലെ കണ്ണൂർ സ്വദേശിയായ സൂര്യജിത്ത് (17) മരിച്ചത്. കണ്ണൂരിലെ പ്രിയ ഇ.എൻ.ടി ക്ലിനിക്കിലാണ് കുട്ടി ശസ്ത്രക്രിയക്ക് വിധേയനായത്. രണ്ടാംനാൾ രക്തം ഛർദിച്ച് അവശനിലയിലായി. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്നും ആരോ​ഗ്യനില ​ഗുരുതരമായിട്ടും സ്വകാര്യ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി അന്ന് നൽകിയിരുന്നു.

സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും നടന്നു. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നായിരുന്നു ഡി.എം.ഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോർട്ട്. എന്നാൽ, ഇതേ ഡി.എം.ഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്കോ ചികിത്സ നൽകുന്നതിലോ വീഴ്ചയില്ലെന്നും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ കേസും അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്.

കമീഷൻ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തിൽ ആരോ​ഗ്യ, പൊലീസ് സംവിധാനങ്ങൾക്ക് ​വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടി ശസ്ത്രക്രിയക്ക് വിധേയനായ പ്രിയ ഇ.എൻ.ടി ക്ലിനിക്കിനും ഇവിടെനിന്നുള്ള നിർദേശ പ്രകാരം കുട്ടിയെ പ്രവേശിപ്പിച്ച ഫാത്തിമ ഹോസ്പിറ്റലിനും ആ സമയത്ത് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കമീഷന്റെ അന്വേഷണത്തിൽ കണ്ടെത്തി. രക്തം ഛർദിച്ച് അവശനായ 17-കാരന് മതിയായ സമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി. കുട്ടിയെ പ്രവേശിപ്പിച്ച കണ്ണൂരിലെ ഫാത്തിമ ആശുപത്രിയിലെ മെഡിക്കൽ രേഖകളിൽ തിരുത്തൽ വരുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തുടർന്നാണ് കുട്ടിയുടെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉ​ദ്യോ​ഗസ്ഥൻ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമീഷന്റെ നിർദേശം നൽകി. ഇതിനൊപ്പം ആശുപത്രികളിലെ ഡോക്ടർമാർക്കും ക്ലിനിക്കൽ ജീവനക്കാർക്കും മതിയായ യോ​ഗ്യത ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ആരോ​ഗ്യമന്ത്രിക്കും നിർദേശം നൽകി. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പിയോടും ആരോ​ഗ്യവകുപ്പിനോടും കമീഷൻ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *