റൂട്ട് കനാലിനിടെ മൂർച്ചയുള്ള ഉപകരണം 17 വയസുകാരിയുടെ വയറ്റിലെത്തി; ദന്താശുപത്രിക്കെതിരേ പരാതി

തിരുവനന്തപുരം: റൂട്ട് കനാൽ ചികിത്സയ്ക്കിടെ റൂട്ട് കനാൽ ഉപകരണം 17 വയസുകാരിയുടെ വയറ്റിലെത്തി തറച്ചു. സംഭവവുമായി ബന്ധപ്പെട്ട്, അ‌രുവിക്കരയിലെ സ്വകാര്യ ദന്താശുപത്രിക്കെതിരേ വട്ടക്കുളം തെക്കണത്ത് മേലേ ലെയ്‌ൻ ശിവാത്മികയിൽ സീമ പോലീസിൽ പരാതി നൽകി. കഴിഞ്ഞ 31-ാം തീയതി ​വൈകിട്ട് നാലേകാലോടെയാണ് സംഭവം ഉണ്ടായത്. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സീമ മകളുടെ റൂട്ട് കനാലിനായി ദന്താശുപത്രിയിൽ എത്തിയ പരിചയമുള്ള ഒരു ജീവനക്കാരിയെ കാര്യങ്ങളേൽപ്പിച്ച് ബാങ്കിലേക്ക് പോയി. അരമണിക്കൂറിന് ശേഷം മടങ്ങിവന്നപ്പോൾ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നു.

മകളെ കാണാഞ്ഞതിനെ തുടർന്ന് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ കുട്ടിയെ അരുവിക്കരയിലെ ഒരു സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതായും അറിയുകയായിരുന്നു. ചികിത്സയ്ക്കിടെ റൂട്ട് കനാൽ ചെയ്യുന്ന ഉപകരണത്തിലെ മൂർച്ചയുള്ള ഉപകരണം കുട്ടിയുടെ വയറ്റിൽ പോയതായും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലാക്കിയത് എന്ന വിവരവും പുറത്തുവന്നു.

എക്സ്റേ പരിശോധനയിൽ കുട്ടിയുടെ ആമാശയത്തിൽ ഉപകരണം തറച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. രക്ഷാകർത്താക്കളെ അറിയിക്കാതെ ഇരുചക്രവാഹനത്തിലാണ് കുട്ടിയെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഉപകരണം ആമാശയത്തിൽ കണ്ടെത്തിയതോടെ വിദഗ്‌ധചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമുണ്ടായപ്പോൾ ദന്താശുപത്രിയിലെ ഡോക്ടർ കുട്ടിയെ വായിൽ വിരലിട്ട് ഛർദിക്കാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *