
വാഷിങ്ടൻ: ഇറാനെതിരായ സൈനിക നടപടികൾ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇനി വൻ തോതിലുള്ള സൈനിക നീക്കങ്ങൾക്ക് യുഎസ് മുതിരില്ലെന്നും ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ അപ്രതീക്ഷിതമായി എത്തി മാധ്യമപ്രവർത്തകരെ കണ്ടാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്.
‘‘സൈനികമായി ഇറാൻ തീർന്നു കഴിഞ്ഞു. ഞങ്ങൾ ഇപ്പോൾ നിലവിലെ സ്ഥിതി നിലനിർത്തുക മാത്രമാണ് ചെയ്യുന്നത്’’–ട്രംപ് വ്യക്തമാക്കി. ഇറാന്റെ നേതൃത്വനിരയെ പൂർണമായും തകർത്തുവെന്നും എന്നാൽ ഇറാന്റെ ആണവ പദ്ധതി പൂർണമായും നിർവീര്യമാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന ദീർഘകാല പരിഹാരമാണ് താൻ ഇപ്പോഴും ലക്ഷ്യമിടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ നിർണായക വഴിത്തിരിവായത് ട്രംപും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. മധ്യസ്ഥ ചർച്ചകളിൽ പ്രധാന പങ്കുവഹിക്കുന്ന ഖത്തർ വഴി, കഴിഞ്ഞയാഴ്ച ഇറാൻ തങ്ങളുടെ പുതിയ ആണവ വിവരങ്ങൾ യുഎസിനു കൈമാറിയിരുന്നു. എന്നാൽ, ചർച്ചകൾ ആരംഭിക്കുന്നതിനു മുൻപായി യുഎസ് അംഗീകരിക്കേണ്ട ഏഴു നിബന്ധനകളും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രിയുമായുള്ള ചർച്ചയുടെ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
