
തിരുവനന്തപുരം: കോവളത്തെ സ്പായിൽ ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസുകാരി മാസങ്ങളോളം പീഡനത്തിനിരയായ കേസിൽ 24 വയസുകാരൻ അറസ്റ്റിൽ. കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശിയായ ജിമിലിനെയാണ് (24) പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരേ പോക്‌സോ കേസ് ചുമത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് കന്യാകുമാരിയിലെ കരിങ്കലിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ സജിത്ത്കുമാറിന്റെ കോവളത്തുള്ള ആയുർ കേരളയിൽ വച്ചും, കോവളം വൈയ്‌ക്കോൽക്കുളം എന്ന സ്പായിൽവച്ചും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.
ജിമിലിന്റെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞു, സ്പാ ഉടമ സജിത്തും അയാളെ തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങൾ സൂചന നൽകി. ജിമിലിൻ സ്പായിലെ സ്ഥിരം സന്ദർശകനായിരുന്നതായും ഇയാൾക്ക് 500 രൂപ പ്രത്യേക ഡിസ്കൗണ്ട് ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ ജിമിലിൻ ഏകദേശം 20 തവണ സ്പാ സന്ദർശിച്ചു എന്നാണ് വിവരം.
സ്പാ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുന്നതിനുപകരം, ‘റഗുലർ’ എന്നാണ് ജിമിലിനെ രേഖപ്പെടുത്തിരിക്കുന്നത് എന്ന് പോലീസ് കണ്ടെത്തി. ജിപേ ഇടപാട് രേഖകൾ, സ്പാകളിലെ രജിസ്റ്ററുകളിലെ എൻട്രികൾ, ടവർ ലൊക്കേഷൻ ഡീറ്റെയിൽസ് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി കണക്കിലെടുക്കുമ്പോൾ പീഡനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന വൻ പീഡനം പുറത്തായത്. കാണ്മാനില്ല എന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പരാതിക്കാർ സമർപ്പിച്ച രേഖകളിൽ 20 വയസ്സായിരുന്നു പെൺകുട്ടിയുടെ പ്രായം. ഇതിൽ പൊലീസിന് സംശയം തോന്നി പോലീസ് കൂടുതൽ അന്വേഷണം നടത്തി.
പെൺകുട്ടി പഠിച്ച സ്കൂളിന്റെ വിലാസം കണ്ടെത്തി പോലീസ് വിവരങ്ങൾ തേടി. ഇതോടെയാണ് പെൺകുട്ടിയുടെ പ്രായം 16 വയസ്സാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ പീഡനവിവരം പുറത്തുവരികയായിരുന്നു. പെൺകുട്ടിയെ ആന്ധ്രയിൽ നിന്ന് കൂട്ടിക്കൊണ്ട് വന്നവർ ആദ്യം ബംഗളുരുവിലും പിന്നീട് ചെന്നൈയിലും എത്തിച്ചു. പിന്നീടാണ് കോവളത്തെ സ്പായിൽ എത്തിക്കുന്നത്.
കോവളത്തെ സ്പാ നടത്തിപ്പുകാരായ നിശാന്ത്, സജിത്ത് കുമാർ എന്നിവരും സ്പായുടെ ഉടമ, തിരുവനന്തപുരം കോർപ്പറേഷന്റെ ഉള്ളൂർ സോണൽ ഓഫീസിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ്, സഹ ഉടമ നഗരൂർ പഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ കല്ലറ പാങ്ങോട് മഹേഷ് ഭവനിൽ വിസി മായ, പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ ഇളയസഹോദരി, അവരുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ ഇതിനകം ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
