
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുപ്രീംകോടതി നിർദേശം അനുസരിച്ചാണ് സമരപ്പന്തൽ പൊളിച്ചു നീക്കിയതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘പൊതുസ്ഥലത്തെ സമരപ്പന്തലുമായി ബന്ധപ്പെട്ട് നിരവധി കോടതിയലക്ഷ്യ കേസുകള്‍ നിലവിലുള്ളതിനാലാണ് എല്‍.പി.എസ്.ടി. സമരപ്പന്തല്‍ പൊലീസ് നീക്കം ചെയ്തത്. സുപ്രീം കോടതി ഉത്തരവുകള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ദീര്ഘദിവസങ്ങളായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വളര്‍മതിയെ ഡോക്ടര്‍മാരുടെ നിർദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്’ -ചെന്നിത്തല വ്യക്തമാക്കി.
സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍, പ്രായോഗികമല്ലാത്ത അഞ്ചാമത്തെ ആവശ്യം ഉന്നയിച്ച് സമരം തുടരുന്നവര്‍ അത് അവസാനിപ്പിച്ച് സര്‍ക്കാറുമായി സഹകരിക്കണം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നതിനോടോ സമരങ്ങളോടോ സര്‍ക്കാറിന് യാതൊരുവിധ അലര്‍ജിയുമില്ല. അതേസമയം, എല്ലാ ആവശ്യങ്ങളും ഒറ്റയടിക്ക് അംഗീകരിക്കാനാകില്ലെന്ന് സമരക്കാര്‍ മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമരപ്പന്തൽ പൊളിച്ചുമാറ്റാനാവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെന്ന് കന്റോൺമെന്റ് പൊലീസ് വിശദീകരണം നൽകിയിരുന്നു. ഇതിന് സമരക്കാർ തയാറാകാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പൊലീസ് നടപടിയുണ്ടായത്.
