
കോഴിക്കോട്: പേരാമ്പ്രയിൽ വീട് ജപ്തി ചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ആത്മഹത്യ ചെയ്തു. പേരാമ്പ്ര കൂത്താളി സ്വദേശി കവിത (42) യാണ് ജീവനൊടുക്കിയത്. ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഇവർക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു.
നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെയാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽനിന്ന് കവിതയും ഭർത്താവ് ബാബുവും ചേർന്ന് 25 ലക്ഷം വായ്പ എടുത്തിരുന്നു. ആദ്യഘട്ടത്തിൽ പണമടച്ചുപോന്ന കുടുംബത്തിന് പിന്നീട് തുക തിരിച്ചടക്കാൻ കഴിയാത്ത സഹാചര്യമുണ്ടായി. അഞ്ചുവർഷംകൊണ്ട് പലിശയടക്കം വലിയൊരു തുകയായി. തുക കുടുംബത്തിന് അടക്കാൻ സാധിക്കാതെവന്നതോടെയാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്.
രണ്ടുദിവസംമുമ്പ് കോടതിയുടെ അനുമതിയോടുകൂടി വീട് ജപ്തിചെയ്യാനുള്ള നോട്ടീസ് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടുടമക്ക് നൽകിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ജപ്തി ചെയ്യാനെത്തുമെന്ന സന്ദേശമയച്ചു. ഉദ്യോഗസ്ഥരെത്തുമ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതുസംബന്ധിച്ച് സമീപത്തെ ആളുകളോട് അന്വേഷിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേർന്നുള്ള പഴയ തറവാടു വീട്ടിൽ കവിതയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കവിതയുടെ ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബാങ്കിനെ സമീപിച്ച് സാവകാശം തേടിയെങ്കിലും അത് ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വടകരയിൽ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. ഇരുവരും വിദ്യാർഥിനികളാണ്.
