വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് നീണ്ടകര സ്വദേശി നന്ദു ഗണേഷിനെ ചവറ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ വിദേശത്ത് വെച്ച് ഭർത്താവ് ക്രൂരമായി മർദിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും നന്ദു ഗണേഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇന്ന് പുലർച്ചെയാണ് നന്ദു തിരുവനന്തപുരത്ത് എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവെച്ച് ചവറ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജൂൺ 27നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരും ചേർന്ന് പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പിന്നീട് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് ലാപ്ടോപ്പ് ചാർജറും കുക്കറും അടക്കം ഉപയോഗിച്ച് മർദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സെപ്റ്റംബർ 30-ന് യുവതി നാട്ടിലെത്തി. തുടർന്ന് ചവറ പോലീസിൽ പരാതി നൽകുകയായിരുന്നു.
ദേഷ്യപ്പെടാറുണ്ടെങ്കിലും സൗദിയിൽ ഒറ്റയ്ക്ക് താമസിച്ചപ്പോഴാണ് ഭർത്താവ് സൈക്കോ ആണെന്ന് മനസിലായതെന്നും യുവതി പറഞ്ഞു. ഭർത്താവിനെതിരെ നിയമപരമായി മുന്നോട്ട് പോവനാണ് തീരുമാനം എന്നും യുവതി വ്യക്തമാക്കി.
“സംശയത്തിൻ്റെ പേരിലും സൗന്ദര്യമില്ലെന്നും പറഞ്ഞാണ് അയാൾ എന്നെ ക്രൂരമായി മർദിച്ചത്. അടുക്കളയിൽ ഉപയോഗിക്കുന്ന ഇടിക്കല്ല്, കുക്കർ എന്നീ സാധനങ്ങൾ ഉപയോഗിച്ചാണ് മർദിക്കുന്നത്. എന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ഉപദ്രവിച്ച വേദന കൊണ്ട് ഞാൻ കരയുമ്പോഴും അയാൾ എന്നെ അടിക്കും. ഒരു മാനസിക രോഗിയെപോലെയാണ് അയാൾ എന്നോട് പെരുമാറിയിരുന്നത്”, എന്ന് യുവതി പറഞ്ഞു.
യുവതിയുടെ അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും ചവിട്ടുകയും കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, താൻ വേറെ പലരുമായും അവിഹിത ബന്ധമുള്ളവളാണെന്ന് നിർബന്ധിച്ച് വ്യാജ ശബ്ദരേഖ റെക്കോഡ് ചെയ്യിക്കുകയും ഭർത്താവ് ഇത് പ്രചരിപ്പിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു
