
ഇന്ന് സ്കന്ദഷഷ്ഠി. സുബ്രഹ്മണ്യ സ്വാമിയുടെ തിരുനടയിൽ അതീവ പ്രാധാന്യമുള്ള അതിവിശുദ്ധമായ ഒരു ദിവസമാണിത്. ശൂരപദ്മാസുരനെ വധിച്ച് തിന്മയ്ക്കമേൽ നന്മ വിജയം വരിച്ച ആ സുദിനം ഭക്തർക്ക് ഏറെ പ്രധാനം തന്നെയാണ്. കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല, സുബ്രഹ്മണ്യ ഭക്തരുള്ള ഇടങ്ങളിലെല്ലാം ഈ ദിവസം പ്രത്യേക പൂജകളും കാവടിയാട്ടങ്ങളും സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിലെ ചടങ്ങുകളും വളരെ ഭക്തിപൂർവ്വമാണ് അനുഷ്ഠിക്കുന്നത്
കുടുംബത്തിന്റെ അഭിവൃദ്ധിക്കും ശത്രു ദോഷനിവാരണത്തിനും…
സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയും ദുരിതങ്ങളെയും അകറ്റി സർവ്വ ഐശ്വര്യങ്ങളും നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ സന്താനലബ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ശത്രു ദോഷനിവാരണത്തിനും ഈ വ്രതം അത്യുത്തമമായി കണക്കാക്കുന്നു. ആറു ദിവസത്തെ കഠിന വ്രതത്തിനു ശേഷം ഷഷ്ഠിദിനത്തിൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി വ്രതം അവസാനിപ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.
ഇതിനെ പാരണ വിടുക എന്നാണ് പറയുന്നത്. ആറു ദിവസം വ്രതം എടുത്തില്ലെങ്കിലും ഷഷ്ഠി ദിവസത്തിൽ മാത്രം ഉപവാസം എടുത്ത് വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തി സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിക്കണം.
ഓ ശരവണ ഭവ എന്ന മന്ത്രവും സുബ്രഹ്മണ്യ ഭുജംഗം, സ്കന്ദഷഷ്ഠി കവചം എന്നിവയും ഈ ദിവസം ചൊല്ലുന്നത് ഏറെ വിശേഷമാണ്.ദേവിഭാഗവതത്തിൽ ഷഷ്ഠി ദേവി എന്നൊരു സങ്കല്പത്തെ പരാമർശിക്കുന്നുണ്ട്. ആദിപരാശക്തിയായ ദേവിയുടെ ഷഷ്ഠാംശം ആയതിനാൽ ഷഷ്ഠി ദേവി എന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ പുത്രിയും സുബ്രഹ്മണ്യസ്വാമിയുടെ ഭാര്യ സങ്കല്പവുമാണ് ഷഷ്ഠി ദേവി എന്നാണ് വിശ്വാസം.
അതിനാൽ തന്നെ ഷഷ്ഠി ദിനത്തിൽ സുബ്രഹ്മണ്യ സ്വാമിക്കൊപ്പം തന്നെ ഷഷ്ടി ദേവിയെ ആരാധിക്കുന്നത് സന്താനലബ്ബിക്ക് ഏറ്റവും ഉത്തമമായി കണക്കാക്കുന്നു.വ്രതം എടുക്കുന്ന ദിവസങ്ങളിൽ പകലുറങ്ങരുത് എണ്ണ തേച്ചുള്ള കുളി പാടില്ല. മത്സ്യമാംസാദികൾ എന്നിവ പൂർണമായും ഒഴിവാക്കണം മാത്രമല്ല ഉച്ചയ്ക്ക് ഒരിക്കൽ മാത്രം അരിയാഹാരം കഴിച്ചു പഴങ്ങളും പാലും മാത്രം ബാക്കിയുള്ള സമയത്ത് കഴിച്ചോ വേണം വ്രതം നോൽക്കാൻ.
