അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്: 69 ട്രെയിനുകള്‍ റദ്ദാക്കി; ഒഡീഷയില്‍ 3 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെ സഞ്ചരിച്ച്, നര്‍സാപൂരിനും പുരിക്കുമിടയില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – യാനം, തെക്കന്‍ ഒഡീഷ തീരങ്ങളിലൂടെ കരയിലേക്ക് പ്രവേശിക്കും. ഈ സമയം കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് 69 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

24 ദിവസത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്. ആദ്യം ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കാറ്റ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗതി മാറുകയായിരുന്നു. ബാധിക്കപ്പെടാന്‍ സാധ്യതയുള്ള ജില്ലകളിലായി ഒഡീഷ സര്‍ക്കാര്‍ 9,341 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 2,98,676 ആളുകളെ ഒഴിപ്പിച്ച് 2,523 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പി. പാട്ടീല്‍ പറഞ്ഞു.

മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയ ചുഴലിക്കാറ്റായിട്ടായിരിക്കും അക്വന്‍ തീരം കടക്കുകയെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. തെക്കന്‍ ആന്ധ്രാപ്രദേശില്‍ മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗതയിലും, ഒഡീഷയില്‍ മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒഡീഷയിലൂടെ വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കാറ്റിന്റെ ശക്തി ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയില്‍ റെഡ് അലര്‍ട്ടാണ്. ആറു ജില്ലകളില്‍ നവംബര്‍ 21 വരെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് കരതൊടുന്നതിനോട് അനുബന്ധിച്ച് ഒഡീഷയില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പുള്ളതെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. എന്തു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ വകുപ്പുകള്‍ക്ക് ഒഡീഷ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അക്വാന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഝാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു മൂന്നു ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധനത്തിന് പോയ ആന്ധ്രയിലെ കാക്കിനാഡയില്‍ നിന്നുള്ള 80 മത്സ്യത്തൊഴിലാളികളും പത്ത് ബോട്ടുകളും ഒഡിഷയിലെ ആര്യപ്പള്ളി മത്സ്യബന്ധന കേന്ദ്രത്തില്‍ അഭയം തേടി. ബംഗാളിലും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *