പത്മജയ്ക്ക് പിന്നാലെ പത്മിനിയും ബിജെപി വിട്ടു, കോൺഗ്രസിലേക്ക് തിരിച്ചെത്തും

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നത്. കോൺഗ്രസിലേക്ക് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്നു തന്നെ രാജിക്കത്ത് കൈമാറുമെന്നും പത്മിനി മാധ്യമങ്ങളോട് പറഞ്ഞു.

‘‘ബിജെപിയിലേക്കു പോയത് എടുത്തു ചാട്ടമായിരുന്നു. ഉപാധികളൊന്നും വച്ചല്ല ബിജെപിയിൽ എത്തിയത്. കായികതാരങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അത് ഉദ്ദേശിച്ചാണ് പാർട്ടിയിൽ എത്തിയതും. എന്നാൽ കായികരംഗത്തിനു വേണ്ടി ഒന്നും ചെയ്യാൻ പാർട്ടിയിൽ എനിക്ക് അവസരം ലഭിച്ചില്ല’’– പത്മിനി പറഞ്ഞു.

രാജിവയ്ക്കുന്നതിനെ പറ്റി ഒരു വർഷം മുൻപ് ചിന്തിച്ചു തുടങ്ങിയിരുന്നെന്നും ഇന്ന് പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് കൈമാറുമെന്നും പത്മിനി പറഞ്ഞു. കോണ്‍ഗ്രസിലേക്കു‌‌ തിരിച്ചുപോകാനാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി. ‘‘ഞാൻ കോൺഗ്രസ് കുടുംബത്തിലുള്ള ആളാണ്. ചില പ്രശ്നങ്ങളുണ്ടായപ്പോൾ കുടുംബത്തിൽനിന്നു മാറിനിന്നു. ഇപ്പോൾ കുടുംബത്തിലേക്ക് തിരിച്ചുവരുന്നു. ബിജെപിയിൽ പോയപ്പോൾ സ്വന്തം കുടുംബത്തിൽ തന്നെ പലരും എന്നോടു മിണ്ടാതായിരുന്നു. ഇനി അത് മാറും. പാർട്ടി വിട്ട് പോകുന്നതും പോകാത്തതും നമ്മുടെ ഇഷ്ടമാണ്. തെറ്റ് പറ്റിയെങ്കിൽ അതു തിരുത്താനും പറ്റണം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപി വിട്ട് വരും’’ – പത്മിനി പറഞ്ഞു. 2024 ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മിനി ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *