
ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ ഹാക്ക് ചെയ്ത പതിനാലുകാരൻ പിടിയിൽ. അഗ്നിവീറുകളുടെ വിവരങ്ങൾ ഉൾപ്പെടുന്ന വെബ്സൈറ്റാണ് എഐയുടെ സഹായത്തോടെ വിദ്യാർഥി ഹാക്ക് ചെയ്തതെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചില ഫയലുകൾ വിദ്യാർഥി ഡാർക് വെബിൽ വിൽപനയ്ക്ക് വെച്ചതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിൽപന നടക്കുന്നതിനു മുൻപുതന്നെ ഏജൻസികൾ ഇയാളെ പിടികൂടുകയായിരുന്നുവെന്നാണ് വിവരം. കണ്ടെത്തിയ വിവരങ്ങൾ അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുമായി ബന്ധമുണ്ടാകാമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ.
ഫയലുകളുടെ കൃത്യമായ സ്വഭാവം എന്താണെന്നും റിക്രൂട്ട്‌മെന്റ് പോർട്ടൽ ഹാക്ക് ചെയ്താണോ ഈ വിവരങ്ങൾ ശേഖരിച്ചതെന്നുമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി ഇത് ചെയ്തതെന്നാണ് ചോദ്യംചെയ്യലിൽ ലഭിക്കുന്ന വിവരം.
ഡാർക്ക് വെബിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഡാറ്റ ചോർച്ച കണ്ടെത്തിയത്. സൈന്യത്തിൽനിന്ന് വിരമിച്ചവർക്ക് മറ്റു തൊഴിലവസരങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരിയർ വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലാണിത്. ഈ വെബ്സൈറ്റിൽനിന്നുള്ള 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരുന്നെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പതിനാലുകാരനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. എങ്ങനെയാണ് പോർട്ടലിലേക്ക് കയറിയതെന്നും ഹാക്ക് ചെയ്തതെന്നും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.
