
സന്നിധാനം: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുകയും തീർഥാടനം അവതാളത്തിലാകുകയും ചെയ്യുന്നതിൽ കർശന നടപടികളിലേക്ക് കടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം പരിഷ്കരിക്കും. ബുക്ക് ചെയ്ത നിശ്ചിത ദിവസം എത്താൻ കഴിയാത്തവർ ബുക്കിങ് റദ്ദാക്കിയില്ലെങ്കിൽ ഈ മണ്ഡലകാലത്തു പിന്നീടു ബുക്കിങ് അനുവദിക്കേണ്ട എന്ന നിലയിലേക്കുള്ള മാറ്റമാണ് നടപ്പാക്കുക. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ് സോഫ്ട്വെയറിൽ മാറ്റങ്ങൾ വരുത്തും എന്നാണ് റിപ്പോർട്ട്. ബുക്ക് ചെയ്ത ദിവസം എത്താൻ അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസത്തേക്കു സമയം മാറ്റാം. ബുക്കിങ് റദ്ദാക്കണമെങ്കിൽ അതിനും സൗകര്യമുണ്ടായിരിക്കും.
വെർച്വൽ ക്യൂ വഴി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആളുകൾ എത്താതിരിക്കുന്നത് തടയാൻ ഈ മണ്ഡലകാലത്ത് തന്നെ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. ഇത്തവണ നട തുറന്നശേഷം, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തതിനെക്കാൾ വളരെ കുറവ് തീർഥാടകരാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ദർശനസമയം കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതാണു ശബരിമലയിലെ തീർഥാടക പ്രവാഹത്തിൽ കുറവുവരാൻ കാരണമെന്നായിരുന്നു പൊലീസിന്റെയും റവന്യു വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്നവർക്ക് വീണ്ടും ബുക്ക് ചെയ്യാൻ കഴിയാത്ത വിധത്തിലേക്കുള്ള മാറ്റം കൊണ്ടുവരുന്നത്.
കൂട്ടത്തോടെയുള്ള ബുക്കിങ് അവസാനിപ്പിക്കാൻ ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ കഴിഞ്ഞദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർഥാടകന്റെയും ആധാർ നമ്പർ നൽകി അതുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഒടിപി അയച്ച് ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോൾ വെർച്വൽ ക്യൂ ബുക്ക് ചെയ്യാനാകൂ. ഈ മാറ്റത്തിലൂടെ ട്രാവൽ ഏജൻസികൾ അനാവശ്യമായി കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒരുപരിധി വരെ തടയാനാകും.
ബുക്കിങ് സമയത്തു നൽകിയ തിരിച്ചറിയൽ രേഖ തന്നെ യാത്രയിൽ കൈവശം കരുതണം എന്നു നേരത്തെ തന്നെ നിർദേശം നൽകിയിരുന്നെങ്കിലും ഇതു പരിശോധിച്ചിരുന്നില്ല. വെർച്വൽ ക്യൂ കൂടുതൽ കാര്യക്ഷമമാക്കാൻ ഓരോ തീർഥാടകന്റെയും ടിക്കറ്റിൽ പ്രത്യേക ക്യുആർ കോഡ് നൽകണമെന്നും ഇതു പമ്പയിലോ നിലയ്ക്കലോ പരിശോധിക്കണമെന്നും ആലോചനയുണ്ടെങ്കിലും ഇത് ഉടൻ നടപ്പാക്കില്ല എന്നാണ് റിപ്പോർട്ട്.
