വടകര: വടകര ലോക്സഭാ സീറ്റില്‍ അവകാശവാദമുന്നയിച്ച് ലോക് താന്ത്രിക് ജനതാദള്‍. വടകരയില്‍ നടന്ന പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനിലാണ് എല്‍ജെഡി ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പാര്‍ട്ടിയുടെ ആവശ്യമുന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള മുന്നണിയുടെ ഭാഗമാണ് എല്‍ജെഡി. വര്‍ഗീയതയെ കേരളത്തില്‍ ഫലപ്രദമായി എതിര്‍ക്കുന്നത് ഇടതു മുന്നണിയായത് കൊണ്ടാണ് ഇവിടെ എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നത്. 57 ല്‍ കെബി മേനോനും 67 ല്‍ അരങ്ങില്‍ ശ്രീധരനും ജയിച്ച വടകരയില്‍ പാര്‍ട്ടിക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റുകള്‍ ഭിന്നിച്ച് നില്‍ക്കരുതെന്ന് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നതെന്നും ഇതില്‍ ജാഗ്രത പാലിക്കണമെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.പി.മോഹനന്, മുന്‍ എംഎല്‍എ. എം.കെ.പ്രേംനാഥ്, ഷെയ്ക്ക് പി.ഹാരിസ്, വി.സുരേന്ദ്രന്‍പിള്ള, എം.കെ.ഭാസ്കരന്, എന്‍.കെ.വത്സന്, സലിം മടവൂര്‍, പി.കെ.പ്രവീണ്‍, വി.കുഞ്ഞാലി, എ.ടി.ശ്രീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുകൊണ്ട് നൂറ് കണക്കിനാളുകള്‍ അണിനിരന്ന പ്രകടനം നടന്നു
2018-10-29
