ചെന്നൈ: വാക്ക് തര്‍ക്കത്തിനിടെ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് പട്ടാപ്പകല്‍ കഴുത്തറുത്തു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിലേല്‍പിച്ചു. കടലൂര്‍ അണ്ണാമല സര്‍വകലാശാലയ്ക്കു സമീപം ഇന്നലെയാണു നാടിനെ നടുക്കിയ സംഭവം.

കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. പ്രതി നന്ദകുമാറും ആക്രമണത്തിനിരായ വിദ്യാര്‍ഥിനിയും സുഹൃത്തുക്കളായിരുന്നുവെന്നു പൊലീസ് പറയുന്നു. പിന്നീട് പെണ്‍കുട്ടി നന്ദകുമാറിനോട് പിണങ്ങി. ഇതിനു ശേഷം മൊബൈല്‍ ഫോണിലും നേരിട്ടും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പെണ്‍കുട്ടി സംസാരിക്കാന്‍ തയാറായില്ല.

ഇന്നലെ പെണ്‍കുട്ടി കോളജില്‍ നിന്നു മടങ്ങുന്നതു വഴി നന്ദകുമാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത്് നന്ദകുമാര്‍ പെണ്‍കുട്ടിയെ കഴുത്തറുക്കുകയായിരുന്നു. പെണ്‍കുട്ടി ചോരയില്‍ കുളിച്ചു താഴെ വീഴുന്നതു കണ്ട മറ്റുള്ളവര്‍ ഓടിയെത്തി നന്ദകുമാറിനെ പിടികൂടി മര്‍ദിച്ചു. ജനക്കൂട്ടം ഇയാളെ കല്ലെറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കണ്ടു നിന്നവര്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാസങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലെ മീനാക്ഷി അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനിലെ വിദ്യാര്‍ഥിനി അശ്വനിയെ അഴഗേശന്‍ എന്നയാള്‍ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *