ശ്രീനഗര്‍: സമൂഹമാദ്ധ്യമങ്ങളില്‍ മേജറിനെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി വീഡിയോ പോസ്റ്റ് ചെയ്ത ഭീകരനെ മണിക്കൂറുകള്‍ക്കുള്ളില്‍ അതേ മേജര്‍ വെടിവച്ച് കൊന്നു. മേജര്‍ രോഹിത് ശുക്ലയാണ് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ സമീര്‍ അഹമ്മദ് ഭട്ട് എന്ന സമീര്‍ ടൈഗറിനെ വെടി വച്ച് വീഴ്ത്തിയത്. കഴിഞ്ഞ ദിവസം ശ്രീനഗറിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സമീര്‍ അടക്കം രണ്ട് ഹിസ്ബുള്‍ ഭീകരരെ സൈന്യം വെടിവച്ചു വീഴ്ത്തിയത്.

‘സിംഹം വേട്ട നിര്‍ത്തിയെന്ന് കരുതി നായ്ക്കള്‍ കരുതരുത് കാട് മുഴുവന്‍ അവരുടെയാണെന്ന്. ചങ്കൂറ്റമുണ്ടേല്‍ രോഹിത് ശുക്ല ഇങ്ങോട്ട് വന്ന് നേരിടട്ടെ ഞങ്ങളെ’ എന്നാണ് വീഡിയോയിലൂടെ സമീര്‍ പറയുന്നത്. മേജര്‍ ശുക്ലയായിരുന്നു പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. മേജറിനും മറ്റൊരു സൈനികനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്നു സമീര്‍ ടൈഗര്‍. ആര്‍മി മേജറിനെ ഭീഷണിപ്പെടുത്തുന്ന സമീറിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ആക്രമണത്തിന് 24 മണിക്കൂര്‍ മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ശുക്ലയെ അധിക്ഷേപിച്ച് സംസാരിക്കുന്നതിന് പുറമെ നേര്‍ക്കു നേര്‍ വരാനും സമീര്‍ വെല്ലു വിളിക്കുന്നുണ്ട്.

2.15ഓടു കൂടിയാണ് സമീറിനെ വെടിവച്ചു വീഴ്ത്തുന്നത്. പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടലിനൊടുവിലാണ് വീടിനുള്ളില്‍ ഒളിച്ചിരുന്ന ഇയാളെ വെടി വച്ചു വീഴ്ത്തുന്നത്. ആഖിബ് മുഷ്താഖ് എന്നൊരു ഭീകരനെയും സുരക്ഷ സേന ഇന്നലത്തെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *