ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് നടുറോഡില്‍ കിടന്ന എസ്‌ഐയും യുവാവും രക്തം വാര്‍ന്നു മരിച്ചു. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളിലായാണ് അപകടം ഉണ്ടായത്. ബൈക്ക് അപകടത്തെ തുടർന്നാണ് എസ്‌ഐ മരിച്ചത്. സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ 10 മിനിറ്റിലേറെ റോഡില്‍ കിടന്ന ശേഷമാണ് റിസോര്‍ട്ട് ഷെഫായ യുവാവും മരണത്തിന് കീഴടങ്ങിയത്.

കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപറമ്പിൽ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21) എന്നിവരാണു സഹായത്തിന് ആരും ഇല്ലാതെ നടുറോഡില്‍ ചോരവാര്‍ന്ന് മരിച്ചത്.

ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപമായിരുന്നു അപകടങ്ങള്‍ നടന്നത്. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും സ്ഥലത്തുണ്ടായിരുന്നവര്‍ തയ്യാറായില്ല. അര മണിക്കൂറിനുശേഷം അതുവഴി വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ത്തന്നെ കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം നടന്നത്. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. ശ്യാമാണ് സ്‌കൂട്ടര്‍ ഓടിച്ചത്. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വഴിവിളക്കില്ലാത്ത ജംക്ഷനില്‍ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച്‌ 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *