ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പിണറായി സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കി. വിഎസിന്റെ ഹര്‍ജി തള്ളണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വിഎസിന്റെ വാദങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
കേസില്‍ ആരോപണ വിധേയനായ മുന്മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണ് പിണറായി സര്‍ക്കാര്‍ ഇപ്പോൾ ചെയ്തിരിക്കുന്നത്.കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ ഇനി ഒരന്വേഷണവും ആവശ്യവുമില്ലെന്ന് വി എസ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
കോഴിക്കോട് ടൗണ്‍ പൊലീസ് 2011ല്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക സംഘം അന്വേഷിക്കുകയും ചെയ്ത കേസിലെ നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 23നാണ് കോഴിക്കോട് ജെഎഫ്‌സിഎം അവസാനിപ്പിച്ചത്. അന്വേഷണം തുടരേണ്ടതില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട് അംഗീകരിച്ചായിരുന്നു നടപടി. ഇതിനെയാണ് വി എസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.


