കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ അമേഠിയില്‍ വെച്ച് വധശ്രമമുണ്ടായതായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ മുഖത്ത് വിവിധയിടങ്ങളില്‍ വെച്ച് ഏഴ് തവണ ലേസര്‍ പതിച്ചു. സ്നൈപ്പര്‍ ഗണ്‍ ഉപയോഗിച്ചതാണോ ഇതെന്ന സംശയമുണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍ അപായശ്രമമല്ലെന്നും ഫോട്ടോഗ്രാഫറുടെ മൊബൈലിലെ വെളിച്ചമാണ് ദേഹത്ത് പതിച്ചതെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം.അമേഠിയില്‍ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പച്ച നിറമുള്ള ലേസര്‍ പതിച്ചത്. നെറ്റിയിലും കവിളിലുമായി നിരവധി തവണ ലേസര്‍ പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് കൂടാതെ വിവിധയിടങ്ങളില്‍ വച്ചും ലേസര്‍ മുഖത്ത് പതിഞ്ഞിരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രാലയത്തിന് പരാതി നല്‍കിയതായി കോണ്‍ഗ്രസ് അറിയിച്ചു.
2019-04-11
