ബംഗളുരു: ആസന്നമായ തോല്‍വിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലും ഭയന്നു തുടങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്.

കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സ് ഭരണം കൊണ്ട് പൊറുതിമുട്ടിയെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ്സ് പിപിപി കോണ്‍ഗ്രസ്സ്(പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ കോണ്‍ഗ്രസ്സ്) എന്നായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു.

കര്‍ണാടകയില്‍ നിന്നുള്ള അഴിമതി പണം തലസ്ഥാനത്ത് എത്തുന്നുണ്ടെന്നും കര്‍ണാടകം കൈമോശം വന്നാല്‍ ഇത് നിന്നുപോകുമല്ലോ എന്നാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭയമെന്നും പറഞ്ഞു. അഴിമതിയാണ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പെന്ന് പറയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു ചൂണ്ടിക്കാട്ടിയ മോദി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ് ഇത്രനാളും ചെയ്തതെന്നും അതിപ്പോഴും തുടരുകയാണെന്നും കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിനെ തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് തൂത്തെറിയപ്പെട്ടത് ഇതിനു തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *