കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.തിരുവനന്തപുരത്ത് വേളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനൊപ്പം എ കെ ആന്റണി പങ്കെടുക്കുന്നതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോ തടഞ്ഞത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ ദുരനുഭവമാണെന്നാണ് ആന്റണി പ്രതികരിച്ചത്. തനിക്ക് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി ചോദിച്ചു.അക്രമങ്ങളില്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം റോഡ് ഷോ പുനരാരംഭിച്ചു.


