തൃശൂര്‍: .തൃശ്ശൂര്‍ ആമ്പല്ലൂർ മണലി വടക്കുമുറി റോഡില്‍ കാര്‍ ഗോഡൗണിന് സമീപത്തു മതില്‍ക്കെട്ടിനുള്ളില്‍ തല കുടുങ്ങിപ്പോയ നായയെ മൃഗസ്‌നേഹികള്‍ രക്ഷിച്ചു . കോണ്‍ക്രീറ്റ് മതിലിന്റെ ഡ്രൈനേജ് പൈപ്പില്‍ നായയുടെ കഴുത്ത് കുടുങ്ങുകയായിരുന്നു. തല ഒരു ഭാഗത്തും ഉടല്‍ മറുഭാഗത്തുമായി മതിലിനുള്ളില്‍ മണിക്കൂറുകളോളം ഈ നായ കുടുങ്ങിക്കിടന്നു.തുടർന്ന് സമീപവാസികൾ തൃക്കൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അബ്ദുള്‍റസാക്കിനെ വിളിച്ചുവരുത്തി. അബ്ദുള്‍ റസാക്ക് സമീപവാസിയായ വിനീഷിനെയും വിളിച്ചു വരുത്തി. പട്ടിയെ മതിലില്‍ നിന്ന് രക്ഷിക്കാന്‍ അബ്ദുള്‍ റസാക്കും സമീപവാസികളും രാവിലെ ഏഴുമണി മുതല്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

നായയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പുതുക്കാട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചെങ്കിലും അവര്‍ അനുകൂലമായി പ്രതികരിച്ചില്ല. ഇത്തരം വിഷയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഗ്‌നിശമന സേന അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതോടെ മതില്‍ പൊളിച്ച്‌ നായയെ രക്ഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന് സ്ഥലം ഉടമ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ മതില്‍ പൊളിക്കാന്‍ ആവശ്യമായ കോണ്‍ക്രീറ്റ് കട്ടര്‍ ലഭിക്കാന്‍ വൈകുമെന്ന് മനസിലാക്കിയ അബ്ദുള്‍റസാക്കും സമീപവാസിയും ചേര്‍ന്ന് അവസാന ശ്രമം എന്ന നിലയില്‍ നായയുടെ കഴുത്തിലെ തൊലിഭാഗം പുറകിലേയ്ക്ക് നീക്കി, നീക്കി തല പൈപ്പില്‍ നിന്ന് വിദഗ്ധമായി ഊരിയെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *