കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും പ്രതിയെ പിടിക്കാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
ഏപ്രില്‍ 1ാം തിയതിയാണ് ട്രാന്‍സ്ജെന്‍ഡറായ മൈസൂര്‍ സ്വദേശി ഷാലു റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാബിര്‍ അലി എന്നയാളാണ് പോലീസിന്റെ പിടിയിലായത്. എന്നാല്‍ ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് വിട്ടയച്ചിരുന്നു. സംഭവ ദിവസം ഇയാള്‍ കോഴിക്കോട് ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ സ്ഥിരമായി ഒത്ത് ചേരാറുള്ള പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ സ്ഥലത്തെത്തിച്ചായിരുന്നു മൃതദേഹം തിരിച്ചറിഞ്ഞത്.
തന്നെ ആരോ ഉപദ്രവിക്കുന്നെന്ന് പരാതിപ്പെട്ട് സിസിലിക്ക് ഫോണ്‍ വന്നതായി വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച മൊഴി സിസിലി പോലീസിന് നല്‍കിയിരുന്നു.
സംഭവത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രാന്‍സ്‌ഡെന്‍ഡര്‍ സംഘടനകള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
