കൊച്ചി: സ്വന്തം കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി മിശ്രവിവാഹിതരായ മാതാപിതാക്കളുടെ തര്‍ക്കത്തിന് കോടതി പരിഹാരം നല്‍കി. കോടതി നിര്‍ദേശിച്ച പേര് കുട്ടിക്ക് നല്‍കാന്‍ ഇരുവരും സമ്മതിച്ചതോടെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള തടസവും മാറി. ജോഹാന്‍ സച്ചിന്‍ എന്നാണ് കുട്ടിക്ക് പേരിട്ടത്. അഭിനവ് സച്ചിന്‍ എന്ന പേരാണ് അച്ഛന്‍ നിര്‍ദേശിച്ചത്. ജോഹന്‍ മണി സച്ചിന്‍ എന്ന് അമ്മയും.

സാധ്യമായ രീതിയില്‍ ഇരുകൂട്ടരുടെയും ആഗ്രഹം മാനിച്ച് കുഞ്ഞിന് പേരു നല്‍കുകയാണെന്ന് ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ വ്യക്തമാക്കി. ഇരുവരും നിര്‍ദേശിച്ച പേരുകളില്‍ നഗരസഭ അധികൃതര്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാരോപിച്ചാണ് ദമ്പതികള്‍ വെവ്വേറെ ഹര്‍ജിയുമായി കോടതിയിലെത്തിയത്. ഇവരുടെ വിവാഹം 2010ല്‍ ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് നടന്നത്.

2013 സെപ്റ്റംബര്‍ 20നാണ് കുട്ടി ജനിച്ചത്. ഇരുവരും അകന്നതോടെ വിവാഹമോചനക്കേസ് കുടുംബകോടതിയിലെത്തി. ഇതിനിടെ ഇളയ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ് വേണ്ടി വന്നപ്പോഴാണ് പേരിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയെന്ന് മാതാവ് ഹൈക്കോടതിയെ അറിയിച്ചു. കുടുംബ കോടതയില്‍ കേസ് തുടരുന്നതിനാല്‍ കുട്ടിയുടെ അവകാശം വ്യക്തമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *