കൂടത്തായി കേസില്‍ കല്ലറയില്‍ നിന്നെടുത്ത മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി വിദേശത്തേക്ക് അയക്കേണ്ടന്ന് അന്വേഷണ സംഘം തീരുമാനിച്ചു. ഐ.സി.ടി വിഭാഗം മേധാവി ദിവ്യ വി. ഗോപിനാഥ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.അമേരിക്കയടക്കമുള്ള ഏതെങ്കിലും രാജ്യത്തിലേക്ക് അയക്കുന്നതുകൊണ്ട് അന്വേഷണത്തെ സഹായിക്കുന്ന ഒന്നും ലഭിക്കാൻ സാധ്യതയുമില്ല.
ഇതിന്ടെ അടിസ്ഥാനത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ അയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ആദ്യ കൊലപാതകം നടന്നിട്ട് 17 വര്‍ഷം കഴിഞ്ഞതിനാല്‍ മരണ കാരണം കോടതിയില്‍ തെളിയിക്കുകയെന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. മൃതദേഹ അവശിഷ്ടങ്ങള്‍ അമേരിക്കയില്‍ പരിശോധന നടത്തിയാല്‍ മരണകാരണം തെളിയിക്കാന്‍ കഴിയുമെന്നായിരുന്ന പ്രതീക്ഷ. ഇതേത്തുടര്‍ന്ന് കേസന്വേഷണത്തില്‍ സാങ്കേതിക സഹായം നല്‍കുന്ന ഐസി.ടി. വിഭാഗം വിദഗ്ധ ഉപദേശം തേടി. ഡല്‍ഹിയിലേയും ഗുജറാത്തിലേയും ഫോറന്‍സിക് വിഭാഗം മേധാവികളോടും ഡല്‍ഹി എയിംസിലെ വിദഗ്ധരോടുമാണ് സംസാരിച്ചത്. വിദേശത്തേക്ക് അയക്കുന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ലന്നായിരുന്നു അറിയാൻ കഴിഞ്ഞത്. കുറ്റപത്രം സമര്‍പ്പിക്കേണ്ട 90 ദിവസത്തിന് മുമ്പ് പരിശോധന ഫലം കിട്ടാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് വിദേശത്തേക്ക് സാമ്പിളുകള്‍ അയക്കേണ്ടന്ന തീരുമാനത്തില് പ്രത്യേക അന്വേഷണ സംഘം എത്തിയത്.പകരം തിരുവനന്തപുരത്തെയും തൃശൂരിലെയും കണ്ണൂരിലെയും ലാബുകളിലേക്കായിരിക്കും സാമ്പിളുകള്‍ അയക്കുക. മൂന്ന് ലാബുകളിലും മൂന്ന് തരത്തിലുള്ള പരിശോധനകളായിരിക്കും നടക്കുക. കേസിന്റെ പ്രാധാന്യത്തെ മുൻനിർത്തി 2 മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
2019-10-26

