കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയെ തട്ടി കൊണ്ട് പോയതാണെന്ന ബന്ധുക്കളുടെ സംശയം ബലപ്പെടുന്നു. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന സംശയത്തില്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.
ദേവനന്ദയുടെ ചെരിപ്പിന്റെ മണംപിടിച്ചാണ് ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക പോലീസ് തയ്യാറാക്കിക്കഴിഞ്ഞു.
ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.
കാണാതാകുന്നതിനു മുൻപ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ കുഞ്ഞിന്റെ അടുത്ത് ചെന്നിരിക്കാൻ പറഞ്ഞതനുസരിച്ചാണ് ദേവനന്ദ അകത്തേക്ക് വന്നത്. ഇതിന് ശേഷം കുട്ടി ആരോടോ സംസാരിക്കുന്നതായി ‘അമ്മ കേട്ടിരുന്നു.അയൽവാസിയോടാണെന്നാണ് അമ്മ കരുതിയത്.പിന്നീട് കുട്ടിയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ അകത്തേക്ക് വന്നു നോക്കിയപ്പോഴാണ് കതകു തുറന്നു കിടക്കുന്നതായും മകളെ കാണാതായതായും ‘അമ്മ ധന്യ അറിയുന്നത്.
കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്നു തന്നെയാണ് രേഖപെടുത്തിയിരിക്കുന്നത്. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ കാണാതായി മിനിട്ടുകള്‍ക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് അടുത്ത ദിവസം വീടിന് വിളിപ്പാടകലെത്തന്നെയാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. ഇന്ന് രാവിലെ ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദര്‍ശനം മറ്റന്നാളത്തേക്ക് മാറ്റി. ഇവരെത്തിയാല്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.
2020-03-02
