ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ഗുളികകളുടെ സ്റ്റോക്ക് കുറയുന്നതായി റിപ്പോർട്ട്

ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ഗുളികകള്‍ക്ക് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ക്ഷാമം അനുഭവപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ഗുളികയുടെ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് രാജ്യത്തിനകത്തെ ദൗര്‍ലഭ്യത വാര്‍ത്തയാകുന്നത്. അന്താരാഷ്ട്ര മേഖലയില്‍ ഈ ഗുളികയുടെ 70 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്.
കോവിഡ് ചികിത്സാ രംഗത്ത് ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ഗുളിക ഫലം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്ത്യ കയറ്റുമതി തല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ആഗോളാടിസ്ഥാനത്തില്‍ ഈ മരുന്നിന്റെ 70 ശതമാനം ഉല്‍പ്പാദനവും വിതരണവും ഇന്ത്യ കേന്ദ്രീകരിച്ചാണ്. എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം മുറുകിയതോടെ അമേരിക്ക, ബ്രസീല്‍ തുടങ്ങി 13 രാജ്യങ്ങളിലേക്കുള്ള ക്‌ളോറോക്വിന്‍ കയറ്റുമതി ഇന്ത്യക്ക് പുനസ്ഥാപിക്കേണ്ടി വന്നു. ഇതാണ് പൊടുന്നനെ രാജ്യത്ത് സ്‌റ്റോക്ക് കുറയാനിടയാക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്തിനകത്ത് മതിയായ സ്‌റ്റോക്ക് ഉണ്ടെന്നുമുള്ള ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാളിന്റെ അവകാശവാദം തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന 20 കോടി ക്‌ളോറോക്വിന്‍ ഗുളികകളില്‍ 2.3 കോടിയും മലേറിയ, വാതം പോലുള്ള രോഗങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ ചികില്‍സ നല്‍കാനാണ് ഉപയോഗപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ 3.28 കോടി ഗുളികകള്‍ ഉണ്ടെന്ന കണക്ക് ഒട്ടും മതിയായതല്ലെന്നാണ് വ്യക്തമാകുന്നത്. കയറ്റുമതി പുനസ്ഥാപിക്കാന്‍ നിര്‍ബന്ധിതരായതിന് പുറമെ കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ക്‌ളോറോക്വിന്‍ വാങ്ങിക്കൂട്ടിയതും മാര്‍ക്കറ്റില്‍ പൊടുന്നനെ ഗുളികയുടെ ക്ഷാമത്തിന് ഇടയാക്കിയെന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *