ഹൈദരാബാദ്: ഹൈദരാബാദിനു സമീപം സൈദാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്ന് 15 ആണ്‍കുട്ടികള്‍ രക്ഷപെട്ടു. 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപെട്ടവരെല്ലാം.

കുളിമുറിയിലെ വെന്റിലേറ്ററിന്റെ അഴികള്‍ മുറിച്ചാണ് ഇവര്‍ രക്ഷപെട്ടത്. ഇതിനു ശേഷം ഇവര്‍ മതില്‍ ചാടി കടന്ന് രക്ഷപെടുകയായിരുന്നു. പ്രദേശത്തു സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നും കുട്ടികള്‍ റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

10 കുട്ടികള്‍ രംഗറെഡ്ഡി ജില്ലയില്‍ നിന്നും, 4 പേര്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ മബൂബ്‌നഗറില്‍ നിന്നുമുള്ളവരാണ്. വ്യത്യസ്തമായ കേസുകളില്‍ പെട്ടാണ് ഇവരില്‍ പലരും ഇവിടെ എത്തിയിരിക്കുന്നത്. ഇവരില്‍ മൂന്നു പേര്‍ ഇതിനു മുമ്പും ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചിട്ടുള്ളവരാണ്. 16 പേരാണ് രക്ഷപെടാന്‍ ശ്രമിച്ചത്. ഇതിലൊരാളെ പിടികൂടി തിരികെ ജുവനൈല്‍ ഹോമിലെത്തിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെയും മറ്റൊരു ജീവനക്കാരെയും സസ്‌പെന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *