എടപ്പാള്‍: പത്തുവയസ്സുകാരിയെ തിയറ്ററില്‍ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം എസ്‌ഐക്കെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്ന ബാലപീഡനത്തിന്റെ അന്വേഷണം ശരിയായി നടക്കാതിരുന്നതില്‍ ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും എസ്‌ഐ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നുമുള്ള റിപ്പോര്‍ട്ട് ഡിജിപിക്കു കൈമാറി.

കേസില്‍ ഡിവൈഎസ്പി അടക്കമുളള ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ഉയര്‍ന്ന സാഹചര്യത്തിലാണ് എസ്‌ഐ കെ.ജി. ബേബി ഒഴികെയുളള ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ വീഴ്ച വന്നില്ലെന്ന സ്ഥിരീകരണം. കഴിഞ്ഞ മാസം 26ന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്ന എസ്‌ഐയെ കേസില്‍ പ്രതിയാക്കി പോക്‌സോ വകുപ്പു പ്രകാരമാണു കേസെടുത്തത്. പരാതി ലഭിച്ചെങ്കിലും പിന്നീടു പരാതിയെക്കുറിച്ചു മറന്നു പോയി എന്നാണ് എസ്‌ഐ നല്‍കുന്ന വിശദീകരണം.

പത്തു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിന്റെ ഗൗരവം ബോധ്യമായിട്ടും ഡിവൈഎസ്പി അടക്കമുളള ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാന്‍ എസ്‌ഐ തയാറായില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിനെക്കുറിച്ച് അറിയാതിരുന്ന തിരൂര്‍ ഡിവൈഎസ്പിക്കു സ്വഭാവികമായും വീഴ്ചയില്ല. പൊലീസ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെയൊന്നും കേസിന്റെ അന്വേഷണം എസ്‌ഐ ഏല്‍പ്പിച്ചിരുന്നുമില്ല. വീഴ്ച വരുത്തിയ എസ്‌ഐക്കെതിരെ പോക്‌സോ 21 (i), 19 വകുപ്പുകളും ഐപി.സി 196 (A) വകുപ്പും ചേര്‍ത്തു കേസെടുക്കാനാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *