കണ്ണൂര്‍: യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക ഗവര്‍ണര്‍ വാജു ഭായ് വാല ആര്‍.എസ്.എസുകാരനെ പോലെയാണ് പെരുമാറുന്നതെന്നും ആര്‍.എസ്.എസിന്റെ ശൈലി തന്നെ കശാപ്പാണെന്നും കോടിയേരി പറഞ്ഞു. മനുഷ്യ കശാപ്പില്‍നിന്ന് ഇപ്പോള്‍ ജനാധിപത്യ കശാപ്പിലെത്തിയിരിക്കുകയാണത്. കുതിരകച്ചവടത്തിനാണ് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള വിഭാഗത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് കീഴ്‌വഴക്കം. അതിന് വിരുദ്ധമാണ് കര്‍ണാടകയില്‍ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ആയിരുന്നു വലിയ ഒറ്റകക്ഷി. എന്നാല്‍ കോണ്‍ഗ്രസിനെയല്ല, മറിച്ച് ബി.ജെ.പിയെയാണ് അവിടങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ഷണിച്ചത്. മേഘാലയയില്‍ രണ്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്കുള്ളത്.എന്നിട്ടും അവരവിടെ സര്‍ക്കാരുണ്ടാക്കിയത് തിരഞ്ഞെടുപ്പിന് ശേഷം മറ്റ് കക്ഷികളെ കൂട്ടി വലിയ മുന്നണിയുണ്ടാക്കിയാണ്. അങ്ങനെയെങ്കില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന മുന്നണിക്കാണ് കൂടുതല്‍ എം.എല്‍.എമാരുള്ളത്. ഇരുകക്ഷികള്‍ക്കുമായി 115 എം.എല്‍.എമാരുണ്ട്.

ബി.ജെ.പിക്ക് 104 പേരെയുള്ളൂ. എന്നിട്ടും ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഭൂരിപക്ഷം നിങ്ങള്‍ കുതിരകച്ചവടം നടത്തി ഉണ്ടാക്കിക്കൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ ഇതിലുടെ നല്‍കുന്നത്. അത്യന്തം ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ബഹുജനരോഷം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *