തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. കേരളത്തില്‍ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെങ്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് സാധിക്കാതെ വരുമെന്നും മന്ത്രി പറഞ്ഞു.
നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിനും ദുരന്തനിവാരണ അതോറിട്ടി നിയമത്തിനും എതിരാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരം സമരമുറകള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയനുസരിച്ച് സമഗ്രമായ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ ആണ് അന്വേഷണം നടത്തുന്നതെന്നും ഇതിനോട് കോണ്‍ഗ്രസ് യോജിക്കാത്തത് ദുരൂഹമാണെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
സ്വര്‍ണ കള്ളക്കടത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നത് കേരളീയ സമൂഹം നേരത്തേ തന്നെ തിരിച്ചറിഞ്ഞതാണെന്നും ഇപ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നതിന്റെ പരിഹാസ്യത കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇതുകൊണ്ടൊന്നും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രതിഛായക്ക് ഒരു മങ്ങേലല്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
2020-07-10
