സ്വപ്ന സുരേഷ് പിടിയിൽ

സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റഡിയിൽ. എൻഐഎ സംഘമാണു സ്വപ്‌നയെ ബംഗളുരുവിൽ നിന്നും പിടികൂടിയത്. സ്വപ്നയ്‌ക്കൊപ്പം സന്ദീപിനെയും പിടികൂടിയിട്ടുണ്ട്. കേസിൽ നാലാം പ്രതിയാണ് സന്ദീപ്. ഇരുവരെയും നാളെ പുലർച്ചെ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിക്കും.ആറു ദിവസത്തെ ഒളിവിനു ശേഷമാണു സ്വപ്ന സുരേഷ് പിടിയിലാകുന്നത്.ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സ്വപ്നയെ കുടുക്കിയത് എന്നാണറിയുന്നത്. മുഖത്തു മാറ്റങ്ങൾ വരുത്തിയാണ് ഇരുവരും ഒളിവിൽ കഴിഞ്ഞതെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. സ്വപ്നയോടൊപ്പം കുടുംബവും ബെംഗളൂരുവിൽ ഉണ്ടായിരുന്നു.

സ്വപ്നയും സന്ദീപും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടര്‍ന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്‌ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *