പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നടത്തിയ ബൈക്ക് അഭ്യാസപ്രകടനം തടയാന്‍ ശ്രമിച്ച 25കാരനെ കൗമാരക്കാരനായ മൂന്നു പേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുവീര്‍ നഗറിലാണ് സംഭവം.പ്രദേശവാസിയും സ്വകാര്യ കാര്‍ ഡ്രൈവറുമായ മനീഷ് ആണ് കൊല്ലപ്പെട്ടത്. ജൂലായ് എട്ടിന് നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പ്രതികള്‍ എല്ലാവരും 17 വയസ്സ് മാത്രം പ്രായമുള്ളവരാണെന്ന് പോലീസ് പറയുന്നു.

കുട്ടികളില്‍ ഒരാളാണ് യുവാവിനെ പല തവണ കുത്തിയത്. കൂട്ടുകാരില്‍ ഒരാള്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു. കുട്ടികള്‍ മൂന്നു പേരും ഒളിവിലാണെങ്കിലും അവരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിവെന്നും പോലീസ് കമ്മീഷണര്‍ ദീപക് പുരോഹിത് പറഞ്ഞു.അജ്ഞാത മൃതദേഹം റോഡില്‍ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് 27 തവണ കുത്തേറ്റിട്ടുണ്ടെന്നും നെഞ്ചിലും ഉടലിലും മാരകമായ മുറിവുകളുണ്ടെന്നും കൈകാലുകളിലും കുത്തേറ്റിരുന്നുവെന്നും വ്യക്തമായത്. പോലീസിന്റെ അന്വേഷണത്തില്‍ പിന്നീട് മരിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കൊലപാതകത്തിന്റെ പൂര്‍ണ്ണ വിവരം പോലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *