വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹിയില്‍ പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ  മക്കളെ കൊച്ചിയില്‍ എത്തിച്ചു

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ഡല്‍ഹിയില്‍ പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിന്റെ രണ്ട് മക്കളെ കൊച്ചിയില്‍ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ ഇന്നലെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.

പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ രണ്ടായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിലവില്‍ കേസന്വേഷിക്കുന്ന അടുര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ കേന്ദ്രീകരിച്ചാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം മാറ്റാന്‍ ആലോചന നടക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരും സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരും പണം നിക്ഷേപിച്ചവരിലുണ്ട്. ഇവരില്‍ പലരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. അതേ സമയം പത്തനംതിട്ട സബ് കോടതിയില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍ നല്‍കിയ പാപ്പര്‍ ഹരജി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം ഏഴിന് കോടതി വീണ്ടും ഹരജി പരിഗണിക്കും. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പ്പോട്ടേഴ്‌സ് , പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് പാപ്പര്‍ ഹരജി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *